Saturday, November 23, 2024
Saudi ArabiaTop Stories

ആർക്കും കീഴടക്കാൻ സാധിക്കാതിരുന്ന ഖൈബർ നബി(സ്വ) യും അനുചരരും കീഴടക്കിയ ചരിത്രം

മദീനയിൽ നിന്നും 175 കിലോ മീറ്റർ അകലെയാണ് ഖൈബർ സ്ഥിതി ചെയ്യുന്നത്. പ്രവാചകരുടെ കാലത്ത്‌ ജൂതന്മാരുടെ ശക്തി കേന്ദ്രമായിരുന്ന ഖൈബറിനു ആർക്കും കീഴടക്കാനാകാത്ത ശക്തി എന്ന ഖ്യാതി അന്നുണ്ടായിരുന്നു. ഭീമൻ കോട്ടകൾ ഖൈബറിന്റെ പ്രത്യേകതയായിരുന്നു. ബി.സി.6000 മുതൽ ഈ പ്രദേശത്ത്‌ ജന വാസമുണ്ടായിരുന്നു എന്ന് ചരിത്രം.കൃഷി കൊണ്ടും ജല ലഭ്യത കൊണ്ടും സമ്പന്നമായിരുന്നു ഖൈബർ. കോട്ടക്ക്‌ ചുറ്റും അന്നത്തെ ആവാസ വ്യവസ്ഥയുടെ ബാക്കിപത്രങ്ങൾ ഇപ്പോഴും കാണാം.

നിരവധി കാരണങ്ങൾ കൊണ്ട്‌ ഖൈബർ കീഴടക്കൽ പ്രവാചകനും(സ്വ) അനുചരർക്കും‌ ‌നിർബന്ധമായി വന്നു. മക്കാ ഖുറൈശികളെ മുസ്ലിംകൾക്കെതിരിൽ സഹായിച്ചിരുന്ന ജൂത ഗോത്രമായ ബനൂ നളീർ ഗോത്രം മദീനയിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ഖൈബറിലെ ജൂതർക്കൊപ്പം ചേർന്നിരുന്നു. മുസ്‌ ലിംകൾക്കെതിരിൽ നടന്ന ഖന്ദഖ്‌ യുദ്ധത്തിനു ഖുറൈശികൾക്ക്‌ കൂടുതൽ പ്രേരണയും പ്രോത്സാഹനവും ചെയ്തത്‌‌ അവരായിരുന്നു.അവസരം കിട്ടിയാൽ മദീന അക്രമിക്കാൻ ബനൂ നളീറുകാർ ഏത്‌ നിമിഷവും തക്കം പാർത്തിരിക്കുകയായിരുന്നു. പ്രവാചകനെതിരെ മാരണം ചെയ്ത ലബീദിനു സാംബത്തിക സഹായം ലഭിച്ചതും ഖൈബറിൽ നിന്നായിരുന്നു. ചുരുക്കത്തിൽ മദീനക്ക്‌ ശാശ്വത സമാധാനം ഉണ്ടാകണമെങ്കിൽ ഖൈബർ ആക്രമിക്കുകയേ മാർഗ്ഗമുള്ളൂ എന്ന അവസ്ഥ സംജാതമായി.

AD 628 ൽ ഖൈബർ കീഴടക്കാൻ പ്രവാചകരും 1600 ഓളം അനുചരരും പുറപ്പെട്ടു .രണ്ടര ദിവസത്തെ യാത്രക്ക്‌ ശേഷം രാത്രിയാണു ഖൈബറിനു സമീപം‌ മുസ്‌ ലിംകൾ എത്തിയത്‌. അത്‌ കൊണ്ട്‌ തന്നെ ജൂതന്മാർ മുസ്‌ ലിംകൾ എത്തിയ വിവരമറിഞ്ഞിരുന്നില്ല. രാവിലെ കൃഷിത്തോട്ടത്തിലേക്ക്‌ പോകുകയായിരുന്ന ജോലിക്കാരാണു ആദ്യം മുസ്‌ ലിം സൈന്യത്തെ കണ്ടത്‌. തുടർന്ന് വാർത്ത ജൂത കേന്ദ്രങ്ങളിലെത്തി.

നിരവധി കോട്ടകളുണ്ടായിരുന്നതിനാൽ ജൂതർ അവരവരുടെ കോട്ടകൾക്കുള്ളിൽ നിന്ന് യുദ്ധം ചെയ്തു. അതേ സമയം മറ്റു കോട്ടകളിലുള്ളവരോട്‌ ചേർന്ന് ഒന്നിച്ച്‌ യുദ്ധം ചെയ്യാതിരുന്നത് എണ്ണത്തിൽ കുറവായിരുന്ന മുസ്‌ ലിംകൾക്ക്‌‌ സഹായകരമായി. ജൂത സൈന്യത്തിന്റെ അംഗസംഖ്യ മുസ്ലിംകളേക്കാൾ എത്രയോ മടങ്ങായിരുന്നു.10,000 സ്ഥിരം ഭടന്മാർ ജൂതർക്കുണ്ടായിരുന്നു.

ആറു ദിവസം നീണ്ട പോരാട്ടത്തിൽ ആരും ഒന്നും നേടിയില്ല. ആറാം നാൾ മുസ്‌ലിം ക്യാംബിൽ കടന്ന് കൂടിയ ഒരു ജുത ചാരനെ പിടി കൂടിയതിൽ നിന്നും കോട്ടകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ലഭിച്ചു. അടുത്ത ദിവസം നാഇം കോട്ട തകർത്തു. അവിടെയുണ്ടായിരുന്ന ആയുധങ്ങളുടെ സഹായത്താൽ മറ്റ്‌ കോട്ടകളും കീഴടക്കി. കീഴടക്കപ്പെട്ട കോട്ടകളിലെ പിൻ വാതിലുകളിലൂടെ രക്ഷപ്പെട്ടവർ ഏറ്റവും ശക്തമായ സുബൈർ കോട്ടക്കുള്ളിൽ എത്തി.അവിടെ അവർ ശക്തമായ പ്രതിരോധം തീർത്തു.

മൂന്ന് ദിവസം മുസ്‌ലിം സൈന്യം ആ കോട്ട ഉപരോധിച്ചു. അതിനിടെ ഒരു ജൂതൻ വന്ന് അയാൾക്കും കുടുംബത്തിനും സുരക്ഷിതത്വം ഉറപ്പാക്കിയാൽ കോട്ടയുടെ രഹസ്യം വെളിപ്പെടുത്താമെന്ന് പറഞ്ഞു. കോട്ടക്കുള്ളിലേക്കൊഴുകുന്ന അരുവിയെക്കുറിച്ച്‌ അയാൾ വിവരം നൽകി. അതു പ്രകാരം കോട്ടയിലേക്കുള്ള ഒഴുക്ക്‌ മുസ്‌ ലിംകൾ തടഞ്ഞു. ദാഹിച്ച്‌ വലഞ്ഞ ജൂതർ അവസാനം കീഴടങ്ങി.

ബനൂ നളീർ ഗോത്രത്തിലെ കിനാന കുടുംബത്തിന്റെ കോട്ടയായിരുന്ന ഖാമൂസ്‌ ആയിരുന്നു പിന്നീട്‌ കീഴടക്കാനുണ്ടായിരുന്നത്‌.14 ദിവസം അവരെ ഉപരോധിച്ചു. 15 ആം ദിവസം അവർ മുസ്‌ലിംകളുമായി സന്ധിക്ക്‌ തയ്യാറായി. ജൂത സൈനികരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്യില്ലെന്നും പകരം അവർ ഖൈബറിൽ നിന്നും പുറത്ത്‌ പോകണമെന്നുമായിരുന്നു നിബന്ധന.അവരുടെ സ്വത്ത്‌‌ മുസ്‌ ലിം സൈന്യത്തിനു വീതിച്ച്‌ നൽകും.എന്നാൽ ആരെങ്കിലും സ്വത്ത്‌ ഒളിപ്പിച്ച്‌ വെച്ചാൽ കരാറിലെ മുഖ്യ വ്യവസ്ഥകൾ ലംഘിക്കപ്പെടും എന്നും കരാറിൽ ചേർത്തിരുന്നു. കിനാനയും കൂട്ടരും ഇത്‌ അംഗീകരിച്ചു. എന്നാൽ മദീനയിൽ നിന്ന് വരുംബോൾ ബനീ നള്ർ ഗോത്രക്കാർ കൊണ്ട്‌ വന്ന നിധി ശേഖരങ്ങൾ കിനാനയും കൂട്ടരും ഒളിപ്പിച്ച്‌ വെച്ചത്‌ കണ്ടെടുക്കപ്പെടുകയും അത്‌ പ്രകാരം കരാർ വ്യവസ്ഥകൾ ഇല്ലാതാകുകയും ചെയ്തു. കരാർ ലംഘനത്തിനു കിനാനയും കൂട്ടരും വധ ശിക്ഷക്ക്‌ വിധേയരായി.

ബാക്കിയുള്ള കോട്ട നിവാസികൾ ഖൈബറിൽ തന്നെ ‌കൃഷി ചെയ്ത്‌ ജീവിക്കാൻ കരാറായി. ഉത്പാദനത്തിന്റെ പകുതി നികുതിയായി നൽകണമെന്നും ധാരണയായി. അങ്ങനെ കീഴടക്കൽ അസാദ്ധ്യമെന്ന് ഖ്യാതിയുണ്ടായിരുന്ന ഖൈബർ മുസ്‌ലിം കീഴടക്കി.ഖലീഫ അലി (റ) യുടെ നേതൃത്വത്തിലുള്ള ധീരമായ ഇടപെടലുകൾ ‌ ഖൈബർ യുദ്ധ ചരിത്രത്തിൽ പ്രശസ്തമാണ്.നാ ഇം കോട്ടയിലായിരുന്ന ജൂത നേതാവ്‌ മർഹബിനെ വധിച്ചതും അലി (റ) ആയിരുന്നു.

By: ജിഹാദുദ്ധീൻ അരീക്കാടൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്