Saturday, September 21, 2024
Jeddah

ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് കോണ്‍സല്‍ ഹംന മറിയത്തിന് യാത്രയയപ്പ് നല്‍കി

ജിദ്ദ: മൂന്ന് വര്ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിടുന്ന കൊമേഴ്‌സ് കോണ്‍സലും ഹെഡ് ഓഫ് ചാന്‍സറിയുമായ ഹംന മറിയത്തിന് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) യാത്രയയപ്പ് നല്‍കി.

ജിജിഐയുടെ ഉപഹാരം പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ഇബ്രാഹിം ശംനാട്, ചീഫ് കോഡിനേറ്റർ കബീര്‍ കൊണ്ടോട്ടി എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

പത്ത് ലക്ഷത്തോളം ഇന്ത്യക്കാരുള്ള സൗദി പടിഞ്ഞാറന്‍ പ്രവിശ്യയിലെ സേവനകാലം ഏറെ അനുഭൂതിദായകവും ആഹ്ലാദകരവുമായിരുന്നുവെന്ന് ഹംന പറഞ്ഞു. ജിദ്ദയിലെ പ്രവാസി സമൂഹവുമായും വിശിഷ്യാ ഇളംതലമുറയുമായും അടുത്തിടപഴകാന്‍ സാധിച്ചത് ഏറെ അനുഭവങ്ങള്‍ പകര്‍ന്നുതന്നതായി ദീര്‍ഘകാലം ഇന്ത്യന്‍ സ്‌കൂള്‍ ഒബ്‌സര്‍വര്‍ കൂടിയായിരുന്ന ഹംന അനുസ്മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ജിദ്ദ വിടുന്ന ഹംന ന്യൂദല്‍ഹിയില്‍ വിദേശ മന്ത്രാലയ ആസ്ഥാനത്ത് ചുമതലയേല്‍ക്കും.

പാരീസ് ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിച്ചശേഷം, 2019 ഡിസംബര്‍ പത്തിനാണ് ജിദ്ദയില്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ കോണ്‍സലായി ഹംന ചുമതലയേറ്റത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രഥമ വനിതാ ഐ.എഫ്.എസ് ഓഫീസറായ ഹംന, ഫാറൂഖ് കോളേജില്‍ അസി. പ്രൊഫസറായിരിക്കേയാണ് അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇരുപത്തിയെട്ടാം റാങ്കുമായി ഐ.എഫ്.എ്‌സ് നേടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. ടി.പി അഷ്‌റഫിന്റെയും മെഡിക്കല്‍ കോളേജ് ഫിസിയോളജിസ്റ്റ് ഡോ. പി.വി ജൗഹറയുടെയും മകളായ ഹംനയുടെ ഭര്‍ത്താവ് ഹൈദരാബാദ് സ്വദേശിയായ ഐ.എ.എസ് ഓഫീസര്‍ അബ്ദുല്‍ മുസമ്മില്‍ ഖാനാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്