സുഡാനിൽ നിന്ന് 32 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി
കൊച്ചി: ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്നും 32 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി.
ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദവഴിയാണ് ഇവർ കൊച്ചിയിലെത്തിയത്.
രാവിലെ ജിദ്ദയിൽ നിന്നുളള സ്പൈസ് ജറ്റ് വിമാനത്തിലാണ് ആകെ 183 പേർ കൊച്ചിയിലെത്തിയത്. ഇവരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള 121 പേരുമുണ്ട്. രണ്ട് മലയാളികൾ ഉൾപ്പെടെ മുപ്പതുപേർ ക്വാറന്റൈനിലാണ്.
തിരിച്ചെത്തിയ മലയാളികളിൽ 30 പേരെയും നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. 16 പേരെ പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേയ്ക്ക് അയച്ചത്. നോർക്കയുടെ എറണാകുളം സെന്റർമാനേജർ രജീഷിന്റെ നേതൃത്വത്തിൽ വൈശാഖ്, മനോജ്, ഷിജി, രജനി, സുഭിക്ഷ, സജ്ന, സാദിയ തുടങ്ങിയ എട്ടംഗ സംഘമാണ് യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
അതേ സമയം സൗദി-യുഎസ് മധ്യസ്ഥ ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ 72 മണിക്കൂർ നീട്ടാനുള്ള കരാർ സുഡാൻ സൈന്യം പ്രഖ്യാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa