Thursday, November 21, 2024
IndiaTop Stories

136 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി വീണ്ടും ലോക് സഭയില്‍ മടങ്ങിയെത്തി

ന്യൂഡൽഹി: അപകീര്‍ത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി സുപ്രീംകോടതി വിധിയെത്തുടർന്ന് വീണ്ടും അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി.

ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കൈകൂപ്പി തൊഴുതതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് പ്രവേശിച്ചത്. ലോക്സഭയിൽ പ്രതിപക്ഷം ശബ്ദാരവത്തോടെയാണ് രാഹുൽ ഗാന്ധിയെ വരവേറ്റത്. ബഹളത്തെ തുടർന്ന് ലോക്സഭ തൽക്കാലത്തേക്ക് പിരിഞ്ഞു.

136 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി സഭയില്‍ മടങ്ങിയെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം രാവിലെ പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് പുറത്ത് വന്നിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിക്കാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. തിങ്കളാഴ്ച പാർലമെൻ്റ് സമ്മേളനം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാവിലെ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിക്കാനുള്ള ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം.

എന്നാല്‍ രാവിലെ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ മടങ്ങിവരവ് 12 മണിവരെ നീണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്