ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പറക്കുന്നതിനുള്ള അന്തിമ തീരുമാനം കാത്ത് പ്രവാസികൾ; ബുക്കിംഗ് സ്വീകരിച്ച് ട്രാവൽ ഏജൻസികൾ
ജിദ്ദ: കഴിഞ്ഞ ദിവസം മുതൽ റി എൻട്രി, ജോബ് വിസ, വിസിറ്റിംഗ് വിസ, ഫാമിലി വിസ എന്നിവയുള്ള വിദേശികൾക്ക് സൗദിയിലേക്ക് മടങ്ങുന്നതിനായി സൗദി സിവിൽ ഏവിയേഷൻ അനുമതി നൽകിയെങ്കിലും ഇന്ത്യയിൽ നിന്നും എന്ന് മുതലായിരിക്കും പറക്കാൻ സാധിക്കുക എന്നതിനെ സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് പ്രതീക്ഷിക്കുന്ന ആയിരിക്കണക്കിനു പ്രവാസികളാണു നാട്ടിലുള്ളത്.
ഇന്ത്യയിൽ നിന്ന് നിലവിൽ വിമാന സർവീസുകൾക്ക് അനുമതിയില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ ഗവണ്മെൻ്റ് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസിനു അനുമതി നൽകീയത് പോലെ സൗദിയിലേക്കും ഉടൻ തന്നെ അനുമതി നൽകിയേക്കും എന്ന പ്രതീക്ഷയിൽ തന്നെയാണു പ്രവാസികളും ട്രാവൽ ഏജൻ്റുമാരും.
അതേ സമയം വിവിധ ട്രാവൽ ഏജൻ്റുമാർ ഇതിനകം സൗദി എയർവേസിനും സ്പൈസ് ജെറ്റിനുമെല്ലാം ബുക്കിംഗ് സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് ചില ട്രാവൽ ഏജൻ്റുമാർ ഞങ്ങളൊട് പറഞ്ഞു.
സെപ്തംബർ 22 മുതൽ വിവിധ തീയതികളിൽ കരിപ്പൂരിൽ നിന്നും കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നുമെല്ലാം സർവീസുകൾ ഉണ്ടാകുമെന്ന നിലയിലാണു ബുക്കിംഗ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം പല ട്രാവൽ ഏജന്റുമാരും ബുക്കിംഗ് ആരംഭിക്കുകയും അവസാന നിമിഷം ഇന്ത്യാ ഗവണ്മെൻ്റിൻ്റെ അനുമതിയില്ലാത്തതിനാൽ എല്ലാ ബുക്കിംഗും കാൻസൽ ചെയ്തതാായി അറിയിക്കുകയും ചെയ്ത് കൊണ്ടുള്ള വാട്സപ് സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.
അടുത്ത ദിനങ്ങളിൽ ഇഖാമയും റി എൻട്രിയുമെല്ലാം അവസാനിക്കാറായവർക്കായിരിക്കും എത്രയും പെട്ടെന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വലിയ ആശ്വാസമേകുക.
കാരണം ഇഖാമയും റി എൻട്രിയുമെല്ലാം ഓൺലൈൻ വഴി പുതുക്കാമെങ്കിലും ഇഖാമ പുതുക്കുന്നതിനു ലെവി ആവശ്യമായവരിൽ പലർക്കും പണം കണ്ടെത്താനും കഫീലുമാരോട് ആവശ്യപ്പെടാനും എല്ലാം നാട്ടിൽ നിന്ന് കൊണ്ട് പരിമിതികളുണ്ടെന്നതാണു വസ്തുത.
ഇഖാമ, റി എൻട്രി എന്നിവക്ക് മതിയായ കാലാവധി ഇനിയും ബാക്കിയുള്ളവർ ആശങ്കപ്പെടാതെ കുറച്ച് കൂടി കാത്തിരിക്കുക തന്നെയായിരിക്കും നല്ലത് എന്നാണു ട്രാവൽ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസം മുതൽ രാജ്യത്തെ എയർപോർട്ടുകൾ പ്രത്യേക സാഹചര്യത്തിൽ മടങ്ങി വരവ് അനുദിക്കപ്പെട്ടവർക്കായി ഒരുങ്ങിയതായും ഇന്നലെത്തന്നെ സർവീസുകൾ ആരംഭിക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ വെളിപ്പെടുത്തിയിരുന്നു.
സൗദിയിലെത്തുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് ടെസ്റ്റിൻ്റെ നെഗറ്റീവ് ഫലം കയ്യിൽ കരുതിയാൽ മാത്രമേ ബോഡിംഗ് അനുവദിക്കൂ എന്ന് സൗദി എയർലൈൻസിൻ്റെ സർക്കുലറിലും വ്യക്തമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa