ശിഹാബ് ചോറ്റൂർ ഇറാഖിൽ; ആശ്വാസമായി കാന്തപുരത്തിന്റെ ഫോൺ കാൾ
മലപ്പുറത്ത് നിന്ന് മക്കയിലേക്ക് കാൽനടയായി ഹജ്ജിന് പോകുന്ന ശിഹാബ് ചോറ്റൂർ ഇറാഖിലെ ബഗ്ദാദിലെത്തി.
യാത്രാ പ്ലാൻ പ്രകാരം ഇറാഖ് കഴിഞ്ഞ് പിന്നീട് കുവൈത്ത് കൂടി കടന്നാൽ ശിഹാബിനു സൗദിയിലേക്ക് കടക്കാൻ സാധിക്കും.
എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിച്ച ശിഹാബ് തനിക്ക് ആരോടും വിരോധമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി.
ഇറാഖ് യാത്ര എളുപ്പമാക്കാൻ കാന്തപുരം എപി അബൂബക്കർ മുസ് ലിയാരുടെ ഡൽഹി ഓഫീസിലെ സ്റ്റാഫ് സഹായിച്ചെന്നും കഴിഞ്ഞ ദിവസം കാന്തപുരം തനിക്ക് ഫോൺ ചെയ്തതായും ശിഹാബ് ചോറ്റൂർ അറിയിച്ചു.
ഒരു മാസത്തിലധികം നീണ്ട ഇറാനിലെ യാത്രക്ക് ശേഷമാണ് ശിഹാബ് ചോറ്റൂർ ഇറാഖിലെത്തിയത്.
ഇപ്പോൾ ബഗ്ദാദിലുള്ള ശിഹാബ് പ്രസിദ്ധ പണ്ഡിതനും നവോഥാന-ആത്മീയ നേതാവുമായ ശൈഖ് അബ്ദുൽ ഖാദിൽ ജീലാനിയുടെ ഖബർ സന്ദർശിച്ച സന്തോഷവും പങ്ക് വെച്ചു.
നേരത്തെ പാകിസ്ഥാനിലേക്ക് നാല് മാസത്തെ കാത്തിരിപ്പിനു ശേഷം പ്രവേശനാനുമതി ലഭിച്ച ശിഹാബിനു പാകിസ്ഥാനിൽ ചുരുങ്ങിയ മണിക്കൂറുകൾ മാത്രമേ കാൽ നടയായി സഞ്ചരിക്കാൻ അധികൃതർ അനുമതി നൽകിയിരുന്നുള്ളൂ. ശേഷം പാക് അധികൃതർ തന്നെ അദ്ദേഹത്തെ ഇറാനിലെത്തിക്കുകയായിരുന്നു.
ഇറാനിലെ കനത്ത മഞ്ഞ് വീഴ്ചയിലും തണുപ്പിലും പതറാതെ മുന്നോട്ട് നടന്ന ശിഹാബ് ഇപ്പോൾ ഇസ്ലാമിക ചരിത്രത്തിന്റെയും പൂർവ്വ പണ്ഡിതരുടെയും സംസ്കാരത്തിന്റെയും എല്ലാം തട്ടകമായ ബഗ്ദാദിൽ ആണ് ഉള്ളത്.
കർബല ,നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയായിരിക്കും തന്റെ യാത്ര തുടരുകയെന്ന് ശിഹാബ് വെളിപ്പെടുത്തി.
അതേ സമയം ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അസൂയാലുക്കൾ വീണ്ടും ഹാക്ക് ചെയ്തിരിക്കുകയാണ്. നേരത്തെ രണ്ടിലധികം തവണ ഹാക്കിംഗ് നടന്നെങ്കിലും അപ്പോഴെല്ലാം അക്കൗണ്ട് തിരിച്ച് പിടിക്കാൻ പറ്റിയിരുന്നു.
മലയാളികൾക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകളാണ് ശിഹാബിനു അഭിവാദ്യമർപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa