സംഘ പരിവാർ അക്രമണങ്ങളിൽ പ്രതിഷേധം; രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം: ഡൽഹിയിൽ യൂത്ത് ലീഗിന്റെ ‘യുവ സംഘർഷ്’
ന്യൂഡൽഹി: രാമനവമി ആഘോഷ മറവിൽ ഉത്തരേന്ത്യയിലാകെ മുസ്ലിം വിരുദ്ധ കലാപം അഴിച്ചുവിടുന്ന സംഘ് പരിവാർ നടപടിക്കെതിരെയും രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന ഭരണകൂടത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി സീമാ പുരിയിൽ ‘യുവ സംഘർഷ്’ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ബീഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ രാമനവമി ഘോഷയാത്രയുടെ മറവിൽ വ്യാപക അതിക്രമങ്ങൾ നടത്തിയ സംഘ് പരിവാർ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമികൾ തകർത്ത മസ്ജിദുകളും മദ്രസകളും കച്ചവട സ്ഥാപനങ്ങളും പുനർ നിർമിക്കേണ്ടത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. പൗരന്മാരുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കേണ്ട സർക്കാർ കുറ്റവാളികൾക്കാണ് സംരക്ഷണം നൽകുന്നത്. രാമനവമി ആഘോഷങ്ങളുടെ മറവിൽ സംഘ് പരിവാർ ശക്തികളുടെ അതിക്രമം കൈ കെട്ടി നോക്കി നിൽക്കുന്ന ഭരണകൂടം രാഹുൽ ഗാന്ധിക്കെതിരെ തിരക്കിട്ട് നീങ്ങിയത് നിഷ്കളങ്കമല്ലെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കോർപറേറ്റ് ഫാസിസത്തിനെതിരായ സമരത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം യൂത്ത് ലീഗ് നിലയുറപ്പിക്കും.ഇത്തരം ജനാധിപത്യവിരുദ്ധ നടി പടികൾ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്നതാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
‘യുവ സംഘർഷ്’ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡണ്ട് ഷഹസാദ് അബ്ബാസി
അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടിപി അഷ്‌റഫലി, വൈസ് പ്രസിഡണ്ട് ഷിബു മീരാൻ, നിർവാഹക സമിതി അംഗങ്ങളായ സികെ ശാക്കിർ, അഡ്വ. മർസൂഖ് ബാഫഖി, ഡൽഹി സംസ്ഥാന സെക്രട്ടറി വസീം അക്രം, എം.എസ്.എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ : സംഘ പരിവാർ അക്രമണങ്ങളിൽ പ്രതിഷേധിച്ചു ഡൽഹിയിൽ യൂത്ത് ലീഗ് നടത്തിയ ‘യുവ സംഘർഷ്’ ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി ഉൽഘാടനം ചെയ്യുന്നു.
അഡ്വ. ഫൈസൽ ബാബു, ടിപി അഷ്‌റഫലി, ഷിബു മീരാൻ, സികെ ശാക്കിർ, അഡ്വ.മർസൂഖ് ബാഫഖി, ഷഹ്സാദ് അബ്ബാസി സമീപം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa