Sunday, September 22, 2024
FeaturedIndia

അനുകൂല വിധി ലഭിച്ചിട്ടും ഇഴഞ്ഞുനീങ്ങുന്ന പ്രവാസി വോട്ട്

സ്വന്തം നാടിന്റെ ഭാഗധേയം നിർണ്ണയിക്കാൻ പ്രവാസികൾക്ക് അവസരം നൽകണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും അവഗണിച്ചെങ്കിലും നിയമപോരാട്ടത്തിലൂടെ പ്രവാസികൾ തന്നെ ഒടുവിൽ ആ അവകാശം നേടിയെടുത്തു.

പ്രവാസി വ്യവസായി ഡോ: ഷംസീർ വയലിൽ അഡ്വ: ഹാരിസ് ബീരാനിലൂടെ സുപ്രീം കോടതിൽ സമർപ്പിച്ച ഹരജിയിലൂടെയാണ് പ്രവാസികൾക്കനുകൂലമായ സുപ്രധാന വിധി സമ്പാദിച്ചത്. ഈ വിധിയിലൂടെ പ്രവാസി വോട്ടവകാശം ന്യായവും അവകാശവുമാണെന്ന് സുപ്രീം കോടതി വരച്ചുകാണിച്ചു. ഇതിനു ശേഷവും വേണ്ടപ്പെട്ടവരിൽ നിന്ന് ക്രിയാത്മക നടപടികൾ ഉണ്ടായിട്ടില്ല.

വിധിയോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും, വിഷയത്തിൽ പ്രവാസികളിൽ നിന്നും വേണ്ടത്ര പ്രതികരണമുണ്ടായിരുന്നില്ല. വിവിധ ഗൾഫ് രാജ്യങ്ങളിൽ അമ്പത് ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കണക്കുകൾ, എന്നാൽ നവംബർ 15 വരെ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് രജിസ്ട്രേഷൻ നടത്തിയത്.

പ്രവാസി വോട്ടവകാശം സാധ്യമാക്കുന്നത് സംബന്ധിച്ച് കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ മുഖ്യധാരാ പാർട്ടികൾ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചെതെന്ന് അഡ്വ: ഹാരിസ് ബീരാൻ വെളിപ്പെടുത്തിയിരുന്നു. മൂന്ന് സാധ്യതകളാണ് കമ്മീഷൻ മുന്നോട്ടുവെച്ചത്. ഒന്ന് ഇ ബാലറ്റ് സമ്പ്രദായം, രണ്ട് സ്ഥാനപതി കാര്യാലയത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യൽ, മൂന്ന് പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) ഇതിൽ ഒന്നും രണ്ടും രീതികൾ, നടക്കാൻ പോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കാൻ വിദൂര സാധ്യത മാത്രമേയുള്ളൂ. മുക്ത്യാർ വോട്ടാണ് പിന്നീടുള്ള ഏക സാധ്യത. ഈ സമ്പ്രദായം നേരത്തെ നടപ്പിലുള്ളതും സൈനികർക്കിടയിൽ ഇപ്പോഴും നടക്കുന്നതുമാണ്. ഈ സമ്പ്രദായം പ്രവാസികൾക്കിടയിലും നടപ്പാക്കണമെന്ന ആവശ്യത്തിൽ ആരും ശബ്ദമുയർത്തിക്കാണുനില്ല.കമ്മീഷനാകട്ടെ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തുട്ടുമില്ല.

പുതിയ സമ്പ്രദായങ്ങളൊന്നും നടപ്പിൽ വന്നില്ലെങ്കിലും ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് നാട്ടിലെത്തിയാൽ വോട്ടു ചെയ്യാൻ കഴിയും. റജിസ്ട്രേഷൻ നടത്താൻ നേരത്തെ നവംബർ 15 വരെ കമ്മീഷൻ സമയം നിശ്ചയിച്ചിരന്നെങ്കിലും ഇപ്പോഴും രജിസ്ട്രേഷൻ സൗകര്യം നിലനിൽക്കുന്നുണ്ട്‌. National voters Serviceportel ൽ ആർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. നവംബർ 15 വരെ രെജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തിയുള്ള വോട്ടർ പട്ടിക 2019 ജനുവരി 30ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശേഷം രജിസ്ട്രേഷൻ നടത്തിയവരെ ഉൾപ്പെടുത്തിയുള്ള പട്ടിക തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷവും പ്രസിദ്ധീകരിക്കും.

റജിസ്ട്രേഷൻ നടത്തുന്നവർ സംസ്ഥാനം, ജില്ല, താമസ സ്ഥലം ഉൾപ്പെടുന്ന നിയോജക മണ്ഡലം, പൂർണ്ണവിലാസം, ബന്ധുവിന്റെ പേര്, വിദേശമേൽവിലാസം, പാസ്പോർട്ട് കോപ്പി, വിസ പേജ്, ഫോട്ടൊ എന്നിവയാണ് അപ്‌ലോഡ്‌ ചെയ്യേണ്ടത്. നേരത്തെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ അതും സൂചിപ്പിക്കണം.

രജിസ്ട്രേഷൻ നടത്തിയ പകുതി പേർക്കു പോലും നാട്ടിലെത്തി വോട്ടു ചെയ്യാൻ കഴിയണമെന്നില്ല. ഇവർക്ക് ഏകമാർഗ്ഗം പ്രോക്സി വോട്ടാണ്. പ്രോക്സി വോട്ട് കച്ചവടം ചെയ്യപ്പെടുകയൊ ലക്ഷ്യം തെറ്റുകയോ ചെയ്യുമെന്ന ആശങ്ക പ്രവാസികൾക്കിടയിൽ ഉണ്ടെങ്കിലും സുതാര്യമായ ഈ മാർഗ്ഗത്തിനു വേണ്ടി മുഖ്യധാരാ പാർട്ടികൾ ശബ്ദമുയർത്തുന്നില്ല എന്നത് ഖേദകരമാണ്.

അതത് സ്ഥാനപതി കാര്യാലയങ്ങളിൽ നേരിട്ടെത്തി വോട്ടു രേഖപ്പെടുത്തുന്ന സപ്രദായം ഈജിപ്ത് ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്. പക്ഷെ നമ്മുടെ ഭരണകൂടങ്ങൾക്കൊ മുഖ്യധാരാ പാർട്ടികൾക്കൊ അതിലൊന്നും ഒരു താൽപ്പര്യവുമില്ല. പ്രവാസി വോട്ട് എന്ന ആശയം ഫലപ്രദമാകണമെങ്കിൽ പ്രവാസ ലോകത്ത് നിന്നു കൊണ്ടു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ടാകണം.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q