Thursday, May 2, 2024
FeaturedPravasi VoiceSaudi Arabia

മയ്യിത്തുകൾ കൊണ്ട് വീർപ്പു മുട്ടി ദഹ്‌ബാൻ മഖ്ബറ!

കൊറോണ ഭീതിയിൽ ഒരു മാസമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഞങ്ങളുടെ നാട്ടുകാരനെ എത്രയും പെട്ടെന്ന് തുടർചികിത്സക്ക് നാട്ടിലേക്ക് അയക്കുന്നതിനുള്ള പരിശ്രമങ്ങൾക്കിടയിലാണ്, ഞങ്ങളുടെ തന്നെ നാട്ടുകാരനായ പ്രവാസി സുഹൃത്ത് പുതിയത്ത് മുഹമ്മദ് കൊറോണക്ക് കീഴ്പെട്ടു മരണപെട്ടു എന്നുള്ള ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത ഏറെ ദുഖത്തോടെ ശ്രവിച്ചത്.

ജിദ്ദയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ മലയാളികൾ കൊറോണക്ക് കീഴ്പ്പെട്ടുകൊണ്ട് മരണം വരിക്കുന്ന വാർത്തകൾ അറിയുമ്പോഴും, നാട്ടുകാരായാ പ്രവാസികളോട് എല്ലാവരോടും ജാഗ്രത പാലിക്കാനും പരമാവധി സുരക്ഷിതത്വം പുലർത്തുവാനും ഞങ്ങൾ എല്ലാവരും പരസ്പരം അറിയിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിധി മറിച്ചാണ് സംഭവിച്ചത്.

ജിദ്ദയിലെ മലയാളികളുടെയും മറ്റു ഇന്ത്യക്കാരുടെയും മരണ കാര്യങ്ങളിൽ കഴിഞ്ഞ കുറെ കാലമായി സ്തുത്യർഹമായ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെ എം സി സി വെൽഫെയർ വിങ് ഭാരവാഹികളായ ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി സാഹിബ് എന്നിവരുമായി ബന്ധപെട്ടു കാര്യങ്ങൾ ധരിപ്പിച്ചു. ഈ കോവിഡ് കാലത്തു സ്വന്തം ജീവൻ പോലും വകവെക്കാതെ ഓരോ മരണ കേസിലും ഇവരെപ്പോലുള്ളവർ നിരന്തര ഇടപെടലുകൾ നടത്തുന്നതുകൊണ്ടാണ് വളരെ പെട്ടെന്ന് ഓരോ മയ്യിത്തുകളും മറവുചെയ്യാൻ സാധിക്കുന്നത്.

ഞങ്ങളുടെ നാട്ടുകാരന്റെ ഈ മയ്യിത്തിന്റെ കേസിലും മുഹമ്മദ് കുട്ടി സാഹിബിനു വക്കാലത്തു നൽകാൻ, ജീവ വഴിക്കടവ് കൂട്ടായ്മ ഭാരവാഹികളുടെ പരിശ്രമത്തോടെ നാട്ടിൽ നിന്നും അനുമതി കിട്ടി. ജിദ്ദയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട മലയാളികളായ മറ്റു രണ്ടു പേരും, കേരളത്തിന് പുറത്തുള്ള രണ്ടു പേരുടെതുമടക്കം അഞ്ചു മയ്യിത്തുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം അറിയിച്ചതു പ്രകാരമാണ് നാട്ടുകാരന്റെ മയ്യിത്ത് മറമാടുന്നതിനായി ഞാൻ ദഹ്‌ബാനിലേക്ക് പുറപ്പെട്ടത്.

ഒറ്റക്കാണ് ഡ്രൈവ് ചെയ്തു പോവുന്നത്. ജിദ്ദ പട്ടണത്തിൽ നിന്നും അറുപതു കിലോമീറ്റർ അകലെ, ഏകദേശം ഒരു മണിക്കൂർ യാത്ര ദൂരമുണ്ട് ദഹ്‌ബാനിലേക്ക്. ഈ പ്രദേശത്താണ് ജിദ്ദയിൽ കോവിഡ് ബാധിച്ചു മരിച്ചവരെയെല്ലാം ഖബറടക്കുന്നത്. ജിദ്ദയിൽ തന്നെ ഗാര്ണിയ എന്ന സ്ഥലത്ത് കോവിഡ് ബാധിച്ചു മരിച്ച അമുസ്ലിങ്ങൾ ആയവരെയും മറവു ചെയ്യുന്നുണ്ട്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിജനമായ സ്ഥലത്തുകൂടി ഒറ്റക്ക് യാത്ര ചെയ്യുന്നത്. സുബൈറും മുഹമ്മദ് കുട്ടി സാഹിബും മയ്യിത്ത് കൊണ്ടുവരുന്ന ആംബുലന്സിനെ മറ്റൊരു വണ്ടിയിൽ പിന്തുടരുന്നുണ്ട്. ജീവ പ്രസിഡണ്ട്, നാസർക്കായും അദ്ദേഹത്തിന്റെ സഹോദരൻ ജാഫറും എനിക്ക് മുൻപേ മഖ്ബറയിൽ എത്തിയിരുന്നു.

മഹാമാരി പോലുള്ള അസുഖങ്ങളിൽ പെട്ട്‌ മരിക്കുന്നവരുടെ മയ്യിത്ത് ഖബറടക്കം ചെയ്യുന്നതിന് സൗദി ഗവണ്മെന്റ് നേരെത്തെ തന്നെ തയ്യാറാക്കി വെച്ച പോലെ തോന്നി ദഹബാൻ മഖ്ബറ കണ്ടപ്പോൾ. പട്ടണത്തിൽ നിന്നും ഒരുപാട് മാറി ആൾ താമസം ഇല്ലാത്ത വിജനമായ മഭൂമിയിലാണിത്. മക്കയിലെയും മദീനയിലെയും മഖ്ബറകൾ പോലെ, വിശാലമായ വലിയ ചുറ്റുമതിൽ കൊണ്ട് തീർത്ത ഒരു കോംബൗണ്ട്.

ഞങ്ങളുടെ ആംബുലന്സിനെ കാത്തു മഖ്ബറയുടെ മുന്നിൽ നിൽക്കുമ്പോൾ തന്നെ മറ്റൊരു ആംബുലൻസിൽ കൊണ്ട് വന്ന മയ്യിത്തു കുളിപ്പിക്കുവാൻ കൊണ്ടുപോകുന്നത് കണ്ടു. മയ്യിത്ത് കുളിപ്പിക്കുന്നതിനും മറ്റു അനുബന്ധ കര്യങ്ങൾക്കൂമുള്ള സൗകര്യങ്ങൾ നല്ലപോലെ ചെയ്തിട്ടുണ്ട്. ഓരോ ആംബുലൻസിലും മൂന്നും നാലും മയ്യിത്തുകൾ ആണ് കൊണ്ടുവരുന്നത്. മറ്റൊരു ആംബുലൻസ്‌ വഴി നേരത്തെ കുളിപ്പിച്ച മയ്യിത്ത് കബർസ്ഥാനിലേക്ക് കൊണ്ടുപോകുന്നതും കണ്ടു. അതിനെ അനുഗമിച്ചുകൊണ്ട് കുറച്ചു സ്വദേശി യുവാക്കളും പോയി. ആംബുലൻസിൽ നിന്നും മയ്യിത്ത് പുറത്തു എടുത്തു കൊണ്ട് ഖബർ സ്ഥാനിനു സമീപം വെക്കുകയും ഈ യുവാക്കൾ നമസ്ക്കരിക്കുന്നതും ദൂരെ നിന്നും കണ്ടു. ഒരു യുവാവ് വളരെ ഉച്ചത്തിൽ കരയുന്നതു കണ്ടു. മരണപ്പെട്ടത് അദ്ദേഹത്തിന് വേണ്ടപെട്ടവരാരോ ആയിരിക്കണം.

ഖബർസ്ഥാനിൽ ഒരു ഭാഗത്ത് കുറെ ജോലിക്കാർ പുതിയ ഖബർ കുഴികൾ എടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ, നേരത്തെ അവർ എടുത്ത ഖബറുകളിൽ ‌ മറ്റൊരു കൂട്ടം ജോലിക്കാർ മയ്യുത്തുകൾ മറമാടുന്ന വേദനാജകമായ കാഴ്ചകൾ. എല്ലാവരും മാസ്കും ഗ്ലൗസും ഇട്ടുകൊണ്ട് അകലം പാലിച്ചു കൊണ്ട് നിൽക്കുന്നു. ഖബർസ്ഥാനിൽ എട്ടോളം ബംഗ്ലാദേശികളായ സഹോദരന്മാർ ‘കവർ ആൾ’ ധരിച്ചുകൊണ്ട് മയ്യിത്തുകൾ കബറിലേക്ക് വെക്കുന്നു. അവർക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്ന രണ്ടു മൂന്ന് ഈജിപ്ഷ്യൻ സഹോദരങ്ങളെയും കണ്ടു. അവരെല്ലാം അവരുടെ ജോലിയുടെ ഭാഗമായി ചെയ്യുന്ന ഈ കാര്യങ്ങൾ തീർച്ചയായും നാളെ അല്ലാഹുവിങ്കൽ വലിയ പ്രതിഫലത്തിന് കാരണമാകുമെന്നത് തീർച്ച.

ഇന്ന് മാത്രം പതിനെട്ടു മയ്യിത്തുകൾ ഞങ്ങൾ നിൽക്കുന്ന ഉച്ച സമയം ആയപ്പോഴേക്കും ഇവിടെ ഖബറടക്കിയെന്നും, കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടെണ്ണം കബറടക്കി എന്നുമുള്ള വിവരം അറിഞ്ഞപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞുപോയി. സ്വദേശികളും, വിദേശ രാജ്യങ്ങളിലെ പല പ്രവാസികളും ഈ കോവിഡ് നാളുകളിൽ ദഹബാൻ മഖ്ബറയിൽ നാഥന്റെ വിളിക്കുത്തരം നൽകി അന്ത്യവിശ്രമം കൊണ്ടിട്ടുണ്ട്. കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ മരണാന്തര ചടങ്ങുകൾക്കായി വിരലിലെണ്ണാവുന്നവരെങ്കിലും ഉണ്ടാവും എന്നാൽ കേരളത്തിന് പുറത്തുള്ള ഇന്ത്യക്കാരോ, മറ്റു രാജ്യക്കാരോ മരണപെടുമ്പോൾ തീർത്തും അനാഥമായിട്ടാണ് മറമാടുന്നത് എന്നുള്ളത് വേദനാജകമാണ്.

ഉച്ചക്ക് ഒരു മണി ആയപ്പോഴേക്കും ഞങ്ങളുടെ നാട്ടുകാരനെ വഹിച്ചുള്ള ആംബുലൻസ് എത്തി, അദ്ദേഹത്തെ കുളിപ്പിക്കുവാൻ കൊണ്ടുപോയി. അപ്പോഴേക്കും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വി പി മുസ്തഫ സാഹിബ്, അലി അക്ബർ വേങ്ങര, നാസർ ഒളവട്ടൂർ എന്നിവരും എത്തി. നിലമ്പൂർ സ്വദേശിയുടെ അടക്കം മൂന്ന് മയ്യിത്ത് കുളിപ്പിക്കൽ കഴിഞ്ഞു ആംബുലൻസിൽ ഖബർസ്ഥാനിലേക്ക് നീങ്ങിയപ്പോൾ ഞങ്ങളും അതിനു പുറകിൽ നടന്നു നീങ്ങി. മൂന്ന് മൃതദേഹങ്ങളും ആംബുലൻസിൽ നിന്നും നിലത്തു ഇറക്കി വെച്ച് കൊണ്ട് മയ്യത്തു നമസ്ക്കാരം നടത്തി.

അവസാനമായി ഒരാൾക്കും കാണാൻ കഴിയാത്ത ഈ മഹാമാരിയുടെ കാലത്തു, ഖബർസ്ഥാനിലെ ചടങ്ങുകൾ എങ്കിലും നാട്ടിലുള്ള വേണ്ടപ്പെട്ടവരെ കാണിക്കുവാൻ വേണ്ടി കൂടെയുണ്ടായിരുന്ന നാസർക്കാ മൊബൈൽ ക്യാമറ വഴി ചെറിയ ശ്രമം നടത്തി. ഖബർസ്ഥാനിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളുടെ ആധിയും ഭീതിയും, മറ്റു നിയമ പ്രശ്നങ്ങളും കാരണം ഫോട്ടോ-വീഡിയോ ഒഴിവാക്കണമെന്നു അധികൃതർ അറിയിച്ചതിനാൽ കൂടുതൽ ഫോട്ടോ എടുത്തില്ല. ഞങ്ങളുടെ നമസ്ക്കാര ശേഷം മയ്യിത്ത് ഖബറിലേക്ക് വെച്ചുകൊണ്ട് മറമാടാൻ പ്രത്യേകം ഡ്രസ്സ് ചെയ്തവർ മുന്നോട്ടു വന്നു. മരണപെട്ട ഞങ്ങളുടെ നാട്ടുകാരന്റെ ഒരു ബന്ധുവിനെ അവിടുന്ന് പരിചയപ്പെട്ടു. അദ്ദേഹം ദമ്മാമിൽ നിന്നും മരണവാർത്ത അറിഞ്ഞു വന്നതാണ്. യാത്ര സൗകര്യം ഇല്ലാത്തതു കാരണം വലിയ ഡിയാന വണ്ടി ഓടിച്ചുകൊണ്ടാണ് ഇങ്ങോട്ടു വന്നത് എന്നറിഞ്ഞപ്പോൾ ഈ കൊറോണ കാലത്തെ പ്രയാസങ്ങൾ എത്ര വലുതാണെന്ന് ഓർത്തുപോയത്.

കോവിഡ് ഭീതിക്ക്‌ മുമ്പുള്ള ജിദ്ദയിലെ നാട്ടുകാരുടെ പല ഖബറടക്കത്തിലും പങ്കെടുത്തതുകൊണ്ടു തന്നെ ഇന്നത്തെ ഈ കോവിഡ് കാലത്തെ ഖബറടക്കം മനസ്സിനെ ഒരുപാടു വേദനിപ്പിച്ചു. വിശാലമായ കബറിടത്തിൽ മറമാടി കൊണ്ടിരുന്ന ജിദ്ദയിലെ വിവിധ മക്ബറകളിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം തന്നെ ഒട്ടനവധി മയ്യിത്തുകൾ ഖബറടക്കം നത്തേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ദഹബാനിൽ കണ്ടു.
അവസാനം മൂന്ന് പിടി മണ്ണ് വാരിയിട്ടു കൊണ്ട് ധരിച്ച ഗ്ലൗസ് അവിടെ തന്നെ കളഞ്ഞുകൊണ്ടു ഞാനും സുബൈറും നാസർക്കായും മടങ്ങാൻ ഒരുങ്ങി. ഒരു ധൈര്യത്തിന് സാനിറ്റസർ കൊണ്ട് ഞങ്ങൾ കൈകൾ നന്നായി കഴുകികൊണ്ട് അവിടുന്ന് മടങ്ങി.

നമുക്കും, നമ്മുടെ വേണ്ടപെട്ടവർക്കും ഈ ഒരു കാലത്തു കോവിഡ് മരണം സംഭവിക്കാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം. അതിനുവേണ്ടി മാനസികമായും ശാരീരികമായും തയ്യാറെടുക്കാം. അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ.

നാട്ടുകാരന്റെ മയ്യിത്ത് മറമാടാൻ ദഹ്‌ബാൻ മഖ്ബറയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ:
കെ ടി ജുനൈസ് നിലമ്പൂർ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa