Friday, May 3, 2024
Saudi ArabiaTop Storiesവഴികാട്ടി

സൗദിയിൽ ഒരു തൊഴിലാളിക്ക് വേതനത്തോട് കൂടി ലഭിക്കാൻ അർഹതപ്പെട്ട അവധികൾ നിരവധിയാണ്; വിശദമായി അറിയാം

സൗദി മാനവ വിഭവശേഷി-സാമൂഹിക ക്ഷേമ മന്ത്രാലയം വിവിധ സന്ദർഭങ്ങളിൽ  ജീവനക്കാർക്ക് വേതനത്തോട് കൂടി ലഭിക്കാൻ അർഹതപ്പെട്ട അവധികളെക്കുറിച്ച് വ്യക്തമാക്കി.

അഞ്ച് വർഷത്തിൽ താഴെ സർവീസ് ഉള്ള ഒരു ജീവനക്കാരനു ലഭിക്കേണ്ട വാർഷിക അവധി ദിനങ്ങൾ ചുരുങ്ങിയത് 21 ദിവസം ആണ്. 5 വർഷം പൂർത്തിയായ ഒരു ജീവനക്കാരനു ചുരുങ്ങിയത് 30 ദിവസത്തെ വാർഷിക അവധി ലഭിച്ചിരിക്കണം. അവധി വേണ്ടെന്ന് വെക്കാനോ പകരം പണം സ്വീകരിക്കാനോ പാടില്ല.

പ്രത്യേക തൊഴിൽ സാഹചര്യങ്ങളിൽ തൊഴിലുടമക്ക് ആവശ്യമെങ്കിൽ അവധി നൽകുന്നത് അടുത്ത വർഷത്തേക്ക് മാറ്റി വെക്കാം. എന്നാൽ ഇങ്ങനെ മാറ്റി വെക്കുന്നത് 90 ദിവസത്തിൽ അപ്പുറം പോകാൻ പാടില്ല. തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയോടെ അവധി അടുത്ത വർഷത്തേക്ക് മാറ്റി വെക്കാൻ സാധിക്കും.

ഒരു തൊഴിലാളി ജോലി ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ അയാൾക്ക് അർഹതപ്പെട്ട വാർഷിക അവധി ലഭിക്കാത്തയാളാണെങ്കിൽ അർഹതപ്പെട്ട അവധി ദിനങ്ങൾക്കനുസരിച്ചുള്ള സാംബത്തിക നഷ്ടപരിഹാരം ലഭിച്ചിരിക്കണം.

വാർഷിക അവധിക്ക് പുറമെ താഴെ പറയുന്ന വിവിധ സാഹചര്യങ്ങളിലും തൊഴിലാളിക്ക് തൊഴിലുടമ അവധി നൽകിയിരിക്കണം.

പെരുന്നാൾ അവധി: ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും 4 ദിവസം അവധി തൊഴിലാളിക്ക് ലഭിച്ചിരിക്കണം.

ദേശീയാഘോഷങ്ങൾ: സെപ്തംബർ 23 ലെ ദേശീയ ദിനത്തിനും ഫെബ്രുവരി 22 ന്റെ സൗദി സ്ഥാപക ദിനത്തിനും തൊഴിലാളിക്ക് അവധി ലഭിച്ചിരിക്കണം. (ഈ രണ്ട് അവധി ദിനങ്ങൾ പെരുന്നാൾ അവധിയുമായി  യോജിച്ച് വന്നാൽ പകരം അവധി ദിനം ലഭിക്കുകയില്ല.ഇത് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു).

മരണം: ഭാര്യ, ഭർത്താവ്, വളരെ അടുത്ത ബന്ധുക്കൾ എന്നിവർ മരിച്ചാൽ 5 ദിവസം ലീവ് നൽകിയിരിക്കണം. ഭർത്താവ് മരിച്ച മുസ്‌ലിം സ്ത്രീക്ക് മതാചാരപ്രകാരമുള്ള ഇദ്ദ കാലാവധി കൂടി കണക്കാക്കി 3 മാസവും 10 ദിവസവും അവധി നൽകണം. ഗർഭിണിയാണെങ്കിൽ ഗർഭ കാലം കൂടി പരിഗണിക്കണം.

വിവാഹം, സന്താന ജനനം: തൊഴിലാളിയുടെ വിവാഹത്തിനയി 5 ദിവസത്തെ അവധി നൽകിയിരിക്കണം. ജീവനക്കാരനു കുട്ടിയുണ്ടായാൽ 3 ദിവസം അവധി നൽകണം. ജീവനക്കാരി പ്രസവിച്ചാൽ 10 ആഴ്ച അവധി നൽകണം. ആവശ്യമെങ്കിൽ ജീവനക്കാരിക്ക് 1 മാസം കൂടി അധികം അവധി ആവഴ്യപ്പെടാം. എന്നാൽ ഈ ഒരു മാസത്തിനു ലീവ് സാലറി ലഭിക്കില്ല. അതേ സമയം പ്രസവിക്കപ്പെട്ട കൂട്ടി രോഗിയോ ഭിന്നശേഷിക്കാരനോ ആണെങ്കിൽ പ്രസവാവധിക്ക് ശേഷവും സാലറിയോട് കൂടെ ഒരു മാസത്തെ ലീവ് നൽകണം. തുടർന്നും ഒരു മാസം സാലറിയില്ലാതെയും ലീവ് ആവശ്യപ്പെടാം.

പരീക്ഷ: പരീക്ഷാ ദിനങ്ങളിൽ അവധി ലഭിക്കാൻ അർഹതയുണ്ട്. പരീക്ഷക്ക് 15 ദിവസം മുമ്പ് അവധിക്ക് അപേക്ഷിച്ചിരിക്കണം. ആ വർഷം പരീക്ഷാവധി ആവർത്തിക്കരുതെന്നും നൽകപ്പെടുന്ന പരീക്ഷാവധി ദിനങ്ങൾക്ക് വേതനം നൽകണമെന്നതും നിയമം ആണ്.

ഹജ്ജ്: ഹജ്ജിനു 10 മുതൽ 15 ദിവസം വരെ അവധി ലഭിക്കാൻ അർഹതയുണ്ട്. നേരത്തെ ഹജ്ജ് നിർവ്വഹിച്ചയാളാകാൻ പാടില്ല. ചുരുങ്ങിയത് 2 വർഷത്തെ സർവീസെങ്കിലും ഉണ്ടായിരിക്കണം. ഒരു ജീവനക്കാരനു അവന്റെ സർവീസ് ജീവിതത്തിൽ ഒരിക്കൽ മാത്രമായിരിക്കും  ഇങ്ങനെ ലീവ് അനുവദിക്കുക.

രോഗാവധി: രോഗമുള്ള എല്ലാ ദിവസവും അവധിക്ക് അർഹതയുണ്ട്. ഒരു വർഷത്തിൽ ആദ്യം രോഗിയായ ദിനം മുതൽ രോഗിയായ അവസ്ഥയിലുള്ള 30 ദിവസം വരെ ഫുൾ സാലറി നൽകിയിരിക്കണം. വർഷത്തിൽ തുടർച്ചയായോ അല്ലാതെയോ ഈ 30 രോഗ ദിനങ്ങൾ കണക്കാക്കാം. 30 ദിവസം കഴിഞ്ഞ് രോഗം  തുടരുകയാണെങ്കിൽ അടുത്ത 60 ദിവസം വരെ  നാലിൽ മൂന്ന് സാലറി കൊടുക്കണം. തുടർന്നും രോഗാവസ്ഥ തുടരുകയാണെങ്കിൽ സാലറിയില്ലാതെ ഒരു മാസം വരെ സിക്ക് ലീവ് നൽകാം.

മേല്പറഞ്ഞ അവധികൾ ഒരു തൊഴിലാളിയുടെ അവകാശാമാണെന്നും അശ്രദ്ധരാകരുത് എന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

✍️ജിഹാദുദ്ദീൻ.അരീക്കാടൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്