Friday, May 3, 2024
FeaturedPravasi Voice

എന്തിനാണ് പ്രവാസിയെ വെയിലത്ത് നിർത്തുന്നത്.

കൂളിംഗ് ഗ്ളാസ് വെച്ച് , സിറ്റിസൺ വാച്ചു കെട്ടി , കയ്യിലൊരു ടേപ്പ് റോക്കോർഡറുമായി വന്നിറങ്ങുന്ന പ്രവാസിയുടെ ഒരു പഴയകാല സിനിമ രൂപമുണ്ട്. യാഥാർഥ്യത്തോട് അത്രയൊന്നും ചേർന്ന് നിൽക്കാത്ത ഒരു പരിഹാസ കഥാപാത്ര നിർമിതി ആണ് അത് എങ്കിൽ പോലും അതുമായി ചേർത്ത് വെക്കേണ്ട ഒരു പ്രവാസി മനസ്സുണ്ട്.

രണ്ടോ മൂന്നോ വര്ഷത്തിനിടക്ക് രണ്ടോ മൂന്നോ മാസത്തെ അവധിക്ക് വേണ്ടി എത്തുന്നവനാണ് മിക്ക പ്രവാസികളും. അവർ രണ്ടുകൊല്ലം ജീവിക്കുന്നത് ഈ രണ്ടുമാസത്തിന് വേണ്ടിയാണ്, അല്ലെങ്കിൽ അവരുടെ ജീവിതം ഈ രണ്ടുമാസം മാത്രമാണ്. സ്വാഭാവികമായും രണ്ടു വർഷത്തെ ജീവിത നഷ്ട്ടം രണ്ടു മാസത്തിൽ ജീവിച്ചു തീർക്കാൻ അവർ ശ്രമിച്ചേക്കും. അത് പൊങ്ങച്ചമായി വ്യാഖ്യാനിക്കപ്പെട്ടേക്കും
യാഥാർത്ഥത്തിൽ ഇങ്ങനെ പരിഹാസ കഥാപാത്രങ്ങൾ ആയി മാറേണ്ടവർ ആണോ പ്രവാസികൾ. ആധുനിക ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ നിർമിതിയിൽ പ്രവാസികളുടെ പങ്ക് ഒട്ടും ചെറുതല്ല.

ഒരിക്കൽ നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്ന ഒരു കഫ്തീരിയയിൽ ജോലി ചെയ്യുന്ന ഒരാൾ പറഞ്ഞു കേട്ട ഒരു സംഭവം ഉണ്ട്. അയാളുടെ പ്രദേശത്തെ ആരാധനാലയം നവീകരിക്കാൻ അതിന്റെ കമ്മിറ്റി കൂടി ഒരു തീരുമാനം എടുക്കുന്നു. അതുമായി ബന്ധപ്പെടുന്ന ഓരോ കുടുംബവും ഒരു തുക നിർബന്ധമായും നല്കണമെന്ന് വ്യവസ്ഥ വെച്ചു . പ്രവാസി അംഗങ്ങൾ ഉള്ള കുടുംബങ്ങൾ ഇതര കുടുബങ്ങളെക്കാൾ ഇരട്ടി തുക നല്കണം.

അവൻ പറയുന്നു, സംഖ്യ പിരിക്കാൻ വരുന്നവർ ഒക്കെയും സർക്കാർ ജോലിയോ, വാടക കെട്ടിടങ്ങളോ നാട്ടിൽ നിന്നും മറ്റു വരുമാനം ഉള്ള ആളുകൾ. അവർക്കൊക്കെയും എന്റെ വരുമാനത്തിന്റെ ഇരട്ടിയിൽ കുറയാത്ത വരുമാനം ഉണ്ടാവും, എങ്കിലും അവർ നൽകേണ്ടത് ഞാൻ കൊടുക്കുന്നതിന്റെ പാതി. ഗൾഫിലെ താമസ ഭക്ഷണ ചിലവ് കഴിഞ്ഞാൽ ബാക്കിയാവുന്ന എന്റെ ഒരു മാസത്തെ നീക്കിയിരിപ്പോളം വരും ആ തുക.“ ഇത് നീ അവരോട് പറഞ്ഞില്ലേ” എന്ന ചോദ്യത്തിന് “നമ്മുടെ ഇല്ലായ്‌മ നമ്മൾ അവരെ അറിയിക്കേണ്ടതില്ലലോ ? പിന്നെ ഇതൊക്കെ അല്ലെ നമ്മുടെ സന്തോഷം. നമ്മൾ നാട്ടിൽ ഇല്ലായെങ്കിലും അവിടെത്തെ നല്ല കർമങ്ങളിൽ ഒക്കെ നമ്മുടെ പങ്കാളിത്തം ഉണ്ടല്ലോ ?”

ഓരോ ശരാശരി മലയാളിയുടെയും മനസ്സ് ഇതാണ്. ഓരോ തവണ നാട്ടിൽ വരുമ്പോഴും അവൻ പ്രതീക്ഷിക്കുന്നത് അവൻ ജീവിക്കുന്ന ദേശത്ത് അവനു കിട്ടാത്ത ഒരു സാമൂഹിക പ്രാതിനിത്യം അവന്റെ ദേശത്ത് അവനു കിട്ടും എന്നാണ്. ഓരോ നിമിഷവും കാതോർത്തിരിക്കുന്നത് നാട്ടിലെ ചലനങ്ങളിലേക്ക് ആണ്. നാട്ടിൽ മഴപെയ്യുമ്പോൾ അന്യദേശത്ത് കുട ചൂടുകയും, അവൻ ജീവിക്കുന്ന അന്യ നാട്ടിലെ കൊടും ചൂടിൽ ഒരു കുട പോലുമില്ലാതെ ഉരുകി പോകുന്നവൻ അവനാണ് ശരാശരി മലയാളി പ്രവാസി. വിശിഷ്യാ ഗൾഫ് പ്രവാസി.

ഏകദേശം ഒരു വര്ഷം വിദേശ ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയക്കുന്ന തുക ഏകദേശം 70 ബില്യൺ ഡോളർ ആണ്. അതിന്റെ പകുതിയോളം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഈ തുകയുടെ 20% കേരളത്തിലേക്കാണ്. ഒട്ടും മുതൽമുടക്കില്ലാതെ ഇന്ത്യ കയറ്റി അയക്കുന്ന ഉത്പന്നം ആണ് പ്രവാസികൾ. മറ്റു ഉത്പന്നം പോലെ ഒറ്റ തവണയല്ല, ഒരിക്കൽ കയറ്റി അയച്ചാൽ നിരന്തരം വിദേശ നാണ്യം നേടി തരുന്ന ഉത്പന്നം. എല്ലാ അനിവാര്യ ഘട്ടങ്ങളിലും നമ്മുടെ ദേശം അവരിലേക്കാണ് നോക്കുന്നത്. അപ്പോഴൊക്കെയും അവരാണ് നൽകുന്നത്. എന്നിട്ടും അവരെ എന്തിനാണ് ഇങ്ങനെ വെയിലത്ത് നിർത്തുന്നത്.

ഓരോ പ്രവാസിയും ആഗ്രഹിക്കുന്നത് , സ്വന്തം ദേശത്ത് അവനു കിട്ടുന്ന അംഗീകാരം ആണ്. സാമൂഹിക സുരക്ഷയാണ്. ഞാനും ഈ ദേശക്കാരനാണെന്ന ബോധമാണ്.

അവർ നാട്ടിലേക്ക് വഴി ചോദിക്കുമ്പോൾ തിരിച്ചു സ്വന്തം ചിലവിൽ വന്നോളണം എന്ന് പറഞ്ഞു അവരെ ഇനിയും പരിഹസിക്കരുത്. അവരെ അയച്ച പണം കൊണ്ട് നാട്ടിൽ ഉണ്ടായ നേട്ടത്തിന്റെ ഒരംശം പോലും അവർ ചോദിക്കുന്നില്ല. ഇനിയെങ്കിലും അവരെ വെയിലത്ത് നിർത്തരുത്.

ഷഫീഖ് ഇസ്സുദ്ധീൻ (മരുപ്പാടുകൾ)

പ്രവാസി ശബ്ദം എന്ന ഈ പംക്തിയിലേക്ക് നിങ്ങൾക്കും എഴുതാം. നിങ്ങളുടെ സ്വന്തം രചനകൾ pravasivoice@arabianmalayali.com എന്ന വിലാസത്തിൽ അയക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa