Friday, May 3, 2024
FeaturedPravasi VoiceSaudi ArabiaTop Stories

കൊറോണക്ക് മുൻപുള്ള ലോക്ക് ഡൗൺ ജീവിതങ്ങൾ.

തെരുവുകളിൽ വേഗതയിൽ ചലിച്ചു കൊണ്ടിരുന്ന ലോകത്തെ, ഒരു വൈറസ് വീട്ടകങ്ങളിലേക്ക് ഒതുക്കി നിർത്തി. ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരുന്ന ജീവിതം മന്ദഗതിയിലായി. തിടുക്കപ്പെട്ട് സമയരഹിതമായി ഓടിനടന്നവരൊക്കെ ആലസ്യങ്ങളിലേക്ക് വീണു പോയി. ഒരു വൈറസ് ജീവിതത്തെ പൊളിച്ചു പണിയുന്നു.

ഇത്തരം സ്വയം വീട്ടിലൊതുക്കപ്പെട്ട ജീവിതങ്ങൾ പ്രവാസ ലോകങ്ങളിൽ ഒട്ടും അപരിചിതമല്ല. ഒന്നര പതിറ്റാണ്ടുകൾക്ക് അപ്പുറം പ്രവാസത്തിലേക്ക് വരുന്ന കാലത്ത് ഇവിടെ അനേകം അനധികൃത കുടിയേറ്റക്കാർ ഉണ്ടായിരുന്നു. തീർത്ഥാടന വിസയിൽ എത്തി കാലാവധി കഴിഞ്ഞും ചെറിയ ജോലികൾ എടുത്ത് താമസിക്കുന്നവർ. പല കാരണങ്ങളാൽ വിസ പുതുക്കാൻ സാധിക്കാത്തവർ. അവർ മിക്കവരും അടച്ചിട്ട ഫ്ലാറ്റ് റൂമുകളിൽ ഇരുന്നു ചെയ്യാവുന്ന ജോലികളിൽ ഒതുങ്ങി കൂടി.

ഭൂരിപക്ഷവും ബാച്ചിലർ റൂമുകളിലെ കുശിനിക്കാരായി മാറി. നാട്ടിൻപുറങ്ങളിലെ അങ്ങാടിയിൽ സ്വതന്ത്രരായി നടന്നവർ ഒക്കെയും ഈ റൂമുകളിൽ നിന്ന് അധികം പുറത്തിറങ്ങാതെ കഴിച്ചു കൂട്ടി. ജവാസാത്ത് പോലീസിനെ ഭയന്ന് അവർ റൂമുകളുടെ രണ്ടോ മൂന്നോ ഗലികൾക്ക് അപ്പുറം പോയതേയില്ല. ആരും നിഷ്കർഷിക്കാതെ അവർ അവർക്ക് തന്നെ ലോക്ക് ഡൗൺ വിധിച്ചു. കുശിനി പണിക്ക് ശേഷം ടിവി സീരിയലുകളിൽ, റിയാലിറ്റി ഷോകളിൽ ഒക്കെ ആന്ദനം കൊണ്ടു. ഹുണ്ടി ഫോണിലൂടെ നാട്ടിലേക്ക് വിളിച്ചു.

അക്കാലത്താണ് ഞാൻ റാഫിയെ പരിചയപ്പെടുന്നത്. റാഫിക്ക് ഇക്കാമ ഉണ്ടായിരുന്നു. ഒരു പാക്കിംഗ് കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. എങ്കിലും റാഫിയും ഒരു തരം ലോക്ക് ഡൗൺ ജീവിതമായിരുന്നു നയിച്ചു കൊണ്ടിരുന്നത്. റാഫി ഏത് ദേശക്കാരൻ ആയിരുന്നു എന്ന് എനിക്കറിയില്ല. ഞാൻ ചോദിച്ചിട്ടില്ല. എങ്കിലും ഏറനാടൻ ഭാഷയിൽ ആയിരുന്നു അവൻ എന്നോട് സംസാരിച്ചു കൊണ്ടിരുന്നത്.

ഞങ്ങൾ എന്നും ‘നജ്മ’ എന്ന് അറബി പേരുള്ള ജിദ്ദയിലെ നക്ഷത്ര റൌണ്ട് എബൗട്ടിന് അടുത്തുള്ള ഒരു മലായാളി ബൂഫിയയിൽ പ്രഭാത ഭക്ഷണത്തിനായി ഒരേ സമയത്ത് എത്തുന്നവർ ആയിരുന്നു. നഗരം ഏകദേശം അവസാനിച്ചു തുടങ്ങുന്ന ഇടമായിരുന്നു അന്നത് . റൗണ്ട് എബൗട്ടിനപ്പുറം ഒരു വലിയ ജയിൽ. മലയാളികൾ താരതമ്യേന നന്നേ കുറഞ്ഞ പ്രദേശം. അത് കൊണ്ടാവണം ഞാൻ റാഫിയെ പരിചയപ്പെട്ടത്.

എങ്ങനെ ആണ് പരിചയം തുടങ്ങിയത് എന്നോ എപ്പോഴാണ് ഞാൻ അവന്റെ പേര് മനസ്സിലാക്കിയതെന്നോ ഓർമയില്ല. ഞങ്ങൾക്ക് അധികമൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. മിക്കപ്പോഴും ഒരു ടേബിളിൽ ഇരുന്നു സാൻഡ്‌വിച്ചും ചായയും കഴിച്ചു അധികമൊന്നും സംസാരിക്കാതെ പിരിയും. ഇടയ്ക്കു വളരെ അപ്രതീക്ഷിതമായി ചില വിഷയങ്ങൾ റാഫി എടുത്തിടും.

ഒരിക്കൽ റാഫി എന്നോട് ഡെസേർട്ട് റോസ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. മരുഭൂമിയുടെ മുകളിലെ മണൽ പരപ്പുകൾക്ക് അല്പം താഴെ മണലുറഞ്ഞു റോസ ദളങ്ങൾ പോലെ, പുഷ്പം പോലെയുണ്ടാവുന്ന പ്രകൃതി നിർമ്മിതികളാണ് ഡെസേർട്ട് റോസുകൾ. അങ്ങനെ പലതരം അസാധാരണ വിഷയങ്ങളിലെ കൊച്ചു കൊച്ചു പ്രഭാത സംഭാഷണങ്ങൾ ആയിരുന്നു ഞങ്ങളുടേത്. പിന്നീട് എന്റെ ജോലി നഗരത്തിന്റെ അങ്ങേ അറ്റത്തെ തുറമുഖത്തേക്ക് മാറി. ഞാൻ എന്റെ വാസവും അങ്ങോട്ട് മാറ്റി. സൂക്ഷിക്കപ്പെടേണ്ട ഒരു ആത്മ ബന്ധമോ സൗഹൃദമോ റാഫിയും ആയി ഉണ്ടായിരുന്നില്ല.

വർഷങ്ങൾക്ക് ശേഷം 2009 ഇൽ കന്തറ പാലമിറങ്ങി വരുമ്പോൾ റാഫി പാലത്തിനടിയിൽ നിൽക്കുന്നത് ഞാൻ കണ്ടു. ട്രാഫിക് സിഗ്നലിൽ വണ്ടി നിൽക്കെ ഞാൻ അവനെ ഉറക്കെ പേര് എടുത്ത് വിളിച്ചു. എന്റെ ശബ്ദം അവനു കേൾക്കാവുന്ന അകലത്തിൽ തന്നെയായിരുന്നു അവൻ നിന്നിരുന്നത് എങ്കിൽ പോലും അവൻ എന്നെ നോക്കിയതേയില്ല. കാർ നീങ്ങിയപ്പോൾ ഞാൻ വണ്ടി നിർത്തി അവനെ കാണണമോ വേണ്ടയോ എന്ന മനോവ്യാപാരത്തിലായി. ഏതോ പ്രേരണയിലും അടുത്ത് തന്നെ പാർകിംഗിന് ഇടവും കിട്ടിയതിനാൽ ഞാൻ വണ്ടി നിർത്തി അവനെ തിരഞ്ഞു പോയി

എന്നെ കണ്ടപ്പോൾ വിഷാദം നിറഞ്ഞ മുഖത്ത് ചെറിയ പുഞ്ചിരി പടർന്നു . ഞാൻ അവനെ പേരെടുത്ത് വിളിച്ചത് പറഞ്ഞപ്പോൾ അവൻ പറഞ്ഞു. റാഫി എന്ന പേരൊക്കെ ഞാൻ എന്നെ മറന്നു പോയി. അതെന്റെ പേരല്ല. അവൻ ശരിയായ പേര് പറഞ്ഞു. “ഞാൻ ഇപ്പോൾ ഇവിടെ പിടിത്തം കൊടുക്കാൻ വേണ്ടി നിൽക്കുകയാണ്” അക്കാലത്ത് കന്തറ പാലത്തിനു താഴെ അനേകം മനുഷ്യർ പോലീസ് പിടിക്കുന്നതിന് കാത്ത് കെട്ടി കിടപ്പുണ്ടായിരുന്നു. അതിൽ ഒരാൾ ആണ് റാഫിയും.

പലദേശങ്ങളിൽ നിന്നുമുള്ള അനേകം മനുഷ്യർ. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ, പാകിസ്ഥാനികൾ, ബംഗ്ളാദേശികൾ, ഇന്തോനേഷ്യക്കാർ അനേകം ആഫ്രിക്കൻ ദേശങ്ങളിൽ നിന്നുള്ളവർ. ദേശങ്ങളുടെ അതിരുകളില്ലാതെ ആ പാലത്തിനടിയിൽ അവർ ഒന്നിച്ചു ജീവിച്ചു. രാത്രികളിൽ ചട്ടകളും തുണികളും വിരിച്ചു കിടന്നു. പ്രാഥമികാവശ്യങ്ങൾക്ക് സമീപത്തെ പള്ളികളിൽ പോയി. അതിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. എല്ലാവരും രേഖകൾ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാർ. സ്വന്തം ദേശങ്ങളിലേക്ക് തിരിച്ചു പോവാൻ പോലീസ് പിടിച്ചു നാടുകടത്തുകയല്ലാതെ മറ്റു വഴികൾ ഇല്ലാത്തവർ.

റാഫിയും അതിൽ ഒരാൾ ആയിരുന്നു. തീർത്ഥാടന വിസക്ക് വന്നവൻ. അക്കാലങ്ങളിൽ ഇഖാമ ഒരു പച്ച കവർ ഉള്ള കൊച്ചു പുസ്തകം ആയിരുന്നു. മോഷ്ടിക്കുകയും കളഞ്ഞു കിട്ടുകയും ചെയ്യുന്ന ഇഖാമകളിലെ ഫോട്ടോ മാറ്റി അനധികൃതർക്ക് വിൽക്കുന്ന ഒരു റാക്കറ്റ് ഇവിടെ ഉണ്ടായിരുന്നു. അങ്ങനെ സമ്പാദിച്ച ഇഖാമയാണ് റാഫിയുടേത്. ആ ഇഖാമയുടെ യഥാർത്ഥ അവകാശിയുടെ പേരായിരുന്നു റാഫി. ആ ഇഖാമ ഉപയോഗിച്ച് ഒരു കോൺട്രാക്ടിങ് കമ്പനി വഴി ആയിരുന്നു ആ പാക്കിംഗ് കമ്പനിയിൽ അവൻ ജോലി തരപ്പെടുത്തിയിരുന്നത്. ആ ഇഖാമയുടെ കാലാവധി കഴിഞ്ഞപ്പോൾ റാഫി എന്ന പേരും ആ ജോലിയും അവനു നഷ്ടപ്പെട്ടു കാണണം. ഇഖാമകൾ കമ്പ്യൂട്ടർ നിർമിത കാർഡുകൾ ആയപ്പോൾ അവനു അങ്ങനെ ഒന്ന് സമ്പാദിക്കാൻ ആവാതെ വന്നിട്ടുണ്ടാകും. തിരിച്ചു പോവാൻ പോലീസിനെ കാത്ത് അവനും കന്തറ പാലത്തിന് താഴെ എത്തിയിട്ടുണ്ടാവും.

ഞാൻ പിരിയാൻ നേരം അവനു എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ചു. അവൻ പറഞ്ഞു “എന്റെ ആവശ്യം ഇപ്പോൾ നാട്ടിലെത്തലാണ്, ദൈവത്തിനും പോലീസിനും മാത്രം സാഹായിക്കാനാവുന്ന ആവശ്യം. ഇവിടെ തൊട്ടടുത്ത് സുഹൃത്തുക്കൾ താമസിക്കുന്ന ഫ്‌ലാറ്റ് ഉണ്ട്. പ്രാഥമിക ആവശ്യങ്ങൾ ഉറക്കം ഭക്ഷണം ഒക്കെ അവിടെ നിന്നാണ്. പക്ഷെ പരമാവധി ഇവിടെ നിൽക്കാൻ നോക്കും, ചിലപ്പോൾ ഇവിടെ ഉറങ്ങും, എപ്പോഴാണ് പോലീസ് വരുന്നത് എന്നറിയില്ലല്ലോ”.

ജീവിതം എന്തൊരു വൈര്യധ്യങ്ങൾ ആണ്. ഒരു കാലത്ത് പോലീസിനെ ഭയന്ന് സ്വയം ലോക്ക് ഡൗണിലായി അകത്തളങ്ങളിൽ നിന്നും പുറത്തിറങ്ങാതെ ഇരുന്നവർ പിന്നീട് പോലീസ് പിടിക്കാൻ വരുന്നത് നഷ്ടപ്പെടുമോ എന്ന ഭയത്തിൽ അകത്ത് പോവാതെ പുറത്തു കിടക്കുന്നു.

ആധുനിക കേരളത്തിന്റെ നിർമിതിയിലുള്ള പ്രവാസി പങ്കുകളിൽ റാഫിയെ പോലുള്ള അനധികൃത കുടിയേറ്റക്കാരന്റെ കൂടിയുണ്ട്. അവർ തേടിയെത്തിയത് ആഴങ്ങളിലെ പെട്രോളുകൾ അല്ല. പണ്ട് റാഫി പറഞ്ഞ അധികം താഴയല്ലാതെ മണലുകളിൽ പുതഞ്ഞു കിടക്കുന്ന ഡെസേർട്ട് റോസുകളാണ്, പക്ഷെ അവ കിട്ടുന്നവർ എത്ര വിരളമാണ്.

ഷഫീഖ് ഇസ്സുദ്ധീൻ (മരുപ്പാടുകൾ)

പ്രവാസികൾ എഴുതിയ കൂടുതൽ കുറിപ്പുകൾ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa